0480 2890215, 0480 2892505 stanislausforanechurch@gmail.com

St. Stanislaus Kostka

Stanislaus

                                                                    പോളണ്ടിലെ ഒരു രാജകുമാരനായിരുന്നു സ്റ്റനിസ്ലാവോസ് കോസ്ക. റോസ്റ്റ്ക്കോവില്‍ 1550ലായിരുന്നു ജനനം. അന്നത്തെ യൂറോപ്പിന്‍റെ സാംസ്കാരിക തലസ്ഥാനമായിരുന്ന വിയന്നയിലേക്ക് ജ്യേഷ്ഠന്‍ പോളിന്‍റെകൂടെ വിദ്യാഭ്യാസത്തിനായി ചെറുപ്പത്തിലേ അയയ്ക്കപ്പെട്ടു. കത്തോലിക്കാനഗരമാണെങ്കിലും എല്ലാത്തരം സുഖലോലുപതയുടെയും കേന്ദ്രമായിരുന്നു അന്നും വിയന്ന. ജ്യേഷ്ഠന്‍ പോള്‍ സുഖിയനും രസികനും ജീവിതത്തില്‍ ആദര്‍ശങ്ങള്‍ക്ക് വലിയ സ്ഥാനം കൊടുത്തവനുമായിരുന്നു. അധികാരിയുടെ അനുവാദത്തോടും അനുവാദം കൂടാതെയും ഹോസ്റ്റലില്‍നിന്നും പുറത്തുപോവുക പോളിനു ഹരമായിരുന്നു. അവനു ധാരാളം കൂട്ടുകാരും ഉണ്ടായിരുന്നു. അവരുടെ മുന്നില്‍ ഒരു വിലങ്ങുതടിയായിരുന്നു സ്റ്റനിസ്ലാവോസ്. അവന്‍ ശാന്തനും വിനീതനുമായിരുന്നു. സന്തോഷവാനായിരുന്നെങ്കിലും ഭക്തനും കാര്യഗൗരവമുള്ളവനുമായിരുന്നു. പോളിനും കൂട്ടുകാര്‍ക്കും അവനെ വെറുപ്പായിരുന്നു. നശ്വരമായവയില്‍ തൃപ്തനാകാതെ സ്റ്റനിസ്ലാവോസ് ഈശോസഭയില്‍ ചേരുവാന്‍ തീരുമാനിച്ചു. ഓസ്ട്രിയായിലെ വിയന്നായോട് യാത്ര പറഞ്ഞ് ബവേറിയായിലെ ഡില്ലിങ്ങനിലെ ഈശോസഭ സെമിനാരിയില്‍ ചേര്‍ന്നു. വിശുദ്ധനും മഹാപണ്ഡിതനുമായ വി. പീറ്റര്‍ കനീഷ്യസ് ആയിരുന്നു ഗുരു. ആ ശിക്ഷണത്തിനുശേഷം റോമിലേക്ക് പോയി. നവ സന്ന്യാസത്തിനായി അന്നത്തെ ഈശോസഭ ജനറാളായിരുന്ന ഫ്രാന്‍സിസ് ബോര്‍ജിയ ആദരവോടെ സ്റ്റനിസ്ലാവോസിനെ സ്വീകരിച്ചു. 1567ല്‍ നവസന്ന്യാസം ആരംഭിച്ചു. അധികം താമസിയാതെ റോമില്‍ ഒരു വലിയ പകര്‍ച്ചപ്പനി ആരംഭിച്ചു. ധ്യൈവാനായ സ്റ്റനിസ്ലാവോസ് രോഗീപരിചരണത്തില്‍ സന്തോഷത്തോടെ വ്യാപൃതനായി. പനി അവനെയും വിട്ടില്ല. 1568 ആഗസ്റ്റ് 15ാം തിയ്യതി സ്വര്‍ഗ്ഗാരോപണ ദിനത്തില്‍ത്തന്നെ മരിയഭക്തനായ സ്റ്റനിസ്ലാവോസ് മരിച്ചു. 1670 ല്‍ ക്ലമന്‍സ് 10ാം പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനാക്കി. 1726 ല്‍ അലോഷ്യസ് ഗോണ്‍സാഗയോടൊപ്പം സ്റ്റനിസ്ലാവോസിനെയും ബെനഡിക്ട് 13ാമന്‍ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.
പോളണ്ടുകാരനായ സ്റ്റനിസ്ലാവോസ് എങ്ങനെ മാളക്കാരുടെ മുത്തപ്പനായി ?
18 ാം നൂറ്റാണ്ടില്‍ സന്പാളൂരില്‍ ഉണ്ടായിരുന്ന ഈശോസഭ സെമിനാരി ടിപ്പു സുല്‍ത്താന്‍ ആക്രമിച്ച് നശിപ്പിച്ചു. അതിലുണ്ടായിരുന്ന തിരുസ്വരൂപങ്ങള്‍ ആക്രമിച്ച് എല്ലാം സന്പാളൂര്‍ പുഴയിലൊഴുക്കി. അതിലൊന്ന് ഒഴുകി കൊടുങ്ങല്ലൂര്‍ കായല്‍വഴി വേലിയേറ്റംകൊണ്ടോ മറ്റോ ആയിരിക്കണം, മാള ചാലില്‍ അടുത്തു. അതല്ലെങ്കില്‍ ക്രൈസ്തവരല്ലാതെ ആരെങ്കിലും രൂപങ്ങള്‍ കൊണ്ടുവന്ന് മാള ചാലില്‍ ഒഴുക്കിയതുമാകാം. ഏതായാലും വിശുദ്ധന്‍റെ രൂപം മാള ചാലില്‍ അത്ഭുതകരമായി കാണപ്പെട്ടു. വിശ്വാസികള്‍ ആ രൂപമെടുത്ത് ഒരു കപ്പേള പണിത് സ്ഥാപിച്ചു. പിന്നിട് 1840ല്‍ മാള ഇടവക, അന്പഴക്കാട് നിന്നു പിരിഞ്ഞുപോന്നപ്പോള്‍ പുതിയ ഇടവകയുടെ മദ്ധ്യസ്ഥനായി വി. സ്റ്റനിസ്ലാവോസിനെ തെരഞ്ഞെടുത്തു. തന്‍മൂലമാണ് സാനിമാരും, സ്റ്റാന്‍ലിമാരും ധാരാളം മാളയില്‍ ഉണ്ടായത്. ഒരു കാര്യം തീര്‍ച്ച, ദൈവത്തിന്‍റെ അനന്തപരിപാലന മാളയില്‍ എത്തിച്ചതാണ് വി.സ്റ്റനിസ്ലാവോസിനെ. നമ്മുടെ പിതാക്കന്മാര്‍ സ്വീകരിച്ചതുപോലെ നമുക്കും നമ്മുടെ മദ്ധ്യസ്ഥനായി, നമ്മുടെ മുത്തപ്പനായി വി. സ്റ്റനിസ്ലാവോസിനെ സ്വീകരിച്ചാദരിക്കാം