0480 2890215, 0480 2892505 stanislausforanechurch@gmail.com

St. Stanislaus Forane Church

Nammude Church copy

ക്രൈസ്തവ സമൂഹത്തിന്‍റെ ആത്മീയതയുടെയും വിശ്വാസത്തിന്‍റെയും പ്രതീകവും കേന്ദ്രവുമാണ് ഇടവകദേവാലയം. ഒരു ദേശത്തിന്‍റെയും ജനതയുടെയും വളര്‍ച്ചയുടെയും ഉയര്‍ച്ചയുടെയും ഉറവിടം ആരാധനാലയം തന്നെയാണ്.
കൊടുങ്ങല്ലൂരില്‍ എത്തിയ ക്രിസ്തുശിഷ്യന്‍ മാര്‍തോമാ ആദ്യകാലം മുതല്‍ യഹൂദരുടെ ആവാസകേന്ദ്രമായിരുന്ന മാളയില്‍ വന്നിരിക്കാമെന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു. മാളയും കൊടുങ്ങല്ലൂരും തമ്മിലുണ്ടായിരുന്ന ജലപാത ഈ വിശ്വാസത്തിന് ആക്കം കൂട്ടുന്നു. കൊടുങ്ങല്ലൂരില്‍നിന്ന് വാണിജ്യാര്‍ത്ഥം കുടിയേറി പാര്‍ത്തവരാണ് മാളയിലെ ആദിമ ക്രിസ്ത്യാനികള്‍ എന്ന് കരുതപ്പെടുന്നു. കൊടുങ്ങല്ലൂരിന് കിഴക്കോട്ട് കുടിയേറി പാര്‍ത്തതിനുശേഷം ആ പ്രദേശത്തെ ക്രിസ്ത്യാനികളെല്ലാം കൂടി ക്ര.വ. 300 ന് അടുത്ത് അന്പഴക്കാട് വി.തോമാീഹായുടെ നാമത്തില്‍ ദേവാലയം സ്ഥാപിച്ചുവെന്നതാണ് ഐതിഹ്യം. അന്നത്തെ മാളയിലെ ക്രിസ്ത്യാനികള്‍ അന്പഴക്കാട് ഇടവകാംഗങ്ങള്‍ ആയിരുന്നു. ഏറെ നാളുകള്‍ക്ക ശേഷമാണ് മാളയില്‍ ഒരു ദേവാലയം ഉണ്ടാകുന്നതിനെപ്പറ്റി ആലോചനകള്‍ നടന്നത്. മാളയിലെ ക്രൈസ്തവദേവാലയത്തിന്‍റെ ആരംഭം ഒരു കുരിശുപള്ളിയായിരുന്നു. ഈ കുരിശുപള്ളിയില്‍ സ്റ്റനിസ്ലാവോസ് കോസ്ക്കയുടെ രൂപമാണ് പ്രതിഷ്ഠിച്ചിരുന്നത്. ഈ കുരിശുപള്ളി എന്നു സ്ഥാപിച്ചു എന്നതിനെപ്പറ്റി യാതൊരു തെളിവുകളുമില്ല. ആദ്യത്തെപള്ളി പണിയിച്ച കാലം നിശ്ചയമില്ലെന്നും രണ്ടാമത്തെ പള്ളി പണിതത് കൊല്ലവര്‍ഷം 1015 ല്‍ ആണെന്നും മാള പള്ളിവക ഒരു പഴയ നാള്‍വഴിയില്‍ രേഖപ്പെടുത്തി കാണുന്നു. ഇതു ക്രിസ്തുവര്‍ഷം 1840 ആയി യോജിക്കുന്നുണ്ട്. ആദ്യമുണ്ടായിരുന്ന പള്ളി ഏതോ കുബുദ്ധികളുടെ പ്രേരണയാല്‍ ഒരു അക്രൈസ്തവന്‍  അഗ്നിക്കിരയാക്കിയെന്നും ഒടുവില്‍ അയാള്‍ കുഷ്ഠഗോഗബാധിതനായി വി. സങ്കേതത്തില്‍ വന്ന് പശ്ചാത്തപിച്ച് മരിച്ചുവെന്നും ഐതിഹ്യമുണ്ട്.
ഇടവകയുടെ പദവിയിലേക്ക്
മാളയില്‍ കുരിശുപള്ളി നേരത്തെ ഉണ്ടായിരുന്നെങ്കിലും അതൊരു ഇടവകയായി രൂപപ്പെടുന്നതിന് പിന്നെയും വര്‍ഷങ്ങള്‍ വേണ്ടിവന്നു. മാളയിലെ ഒരു പ്രസിദ്ധ കുടുംബത്തിലെ കാരണവര്‍ കൊല്ലവര്‍ഷം 1014 ല്‍ എഴുതിയ വിവര വരിയോലയില്‍ തന്‍റെ പുലയ്ക്കു മാള കുരിശുപള്ളിയില്‍ ഒരു റാസ ചൊല്ലിക്കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നതായി കാണുന്നു. എന്നാല്‍ 1865 ല്‍ വരാപ്പുഴയില്‍നിന്നും മുന്‍പറഞ്ഞ കാരണവരുടെ അനന്തിരവന് ലഭിച്ച രശീതിയില്‍ അദ്ദേഹത്തെ അന്പഴക്കാട് ഇടവകക്കാരനായിട്ടാണ് സംബോധന ചെയ്തിട്ടുള്ളത്. 1894 ല്‍ അദ്ദേഹം മരിച്ചപ്പോള്‍ മൃതദേഹം ഇപ്പോഴത്തെ പള്ളിയിലാണ് സംസ്ക്കരിച്ചിട്ടുള്ളത്. 1865നുശേഷമാണ് ഇടവക തിരിഞ്ഞതെന്ന് കണക്കാക്കാം. 1866 ല്‍ മാളയിലെ പ്രമുഖരും അന്പഴക്കാട് യോഗ പ്രമാണികളുമായി യോഗത്തില്‍ വെച്ച് അഭിപ്രായഭിന്നത രൂക്ഷമാവുകയും മാളക്കാര്‍ യോഗം വിട്ടിറങ്ങി പോന്നെന്നും അടുത്ത ആഴ്ചമുതല്‍ മാള കുരിശുപള്ളിയില്‍ കുര്‍ബാന ചൊല്ലുന്നതിന് വേണ്ട കല്പന സന്പാദിച്ചെന്നുമാണ് പഴമക്കാര്‍ പറയുന്നത്. ഇടവക തിരിഞ്ഞത് 1866 ല്‍ തന്നെയാണെന്നതിന് അന്പഴക്കാട് പള്ളിയിലോ രേഖകള്‍ കാണുന്നില്ല. മാളപള്ളിയിലെ രജിസ്റ്ററുകളില്‍ 1873 മുതലുള്ള കണക്കുകള്‍ കാണുന്നുണ്ട്. 1873 മുതല്‍ ഇടവകയെ നയിച്ച വികാരിമാരുടെ പേരുകള്‍ നമുക്ക് ലഭിച്ചീട്ടുണ്ട്.
ദേവാലയ പുനര്‍നിര്‍മ്മാണം
നിവിലുണ്ടായിരുന്ന ദേവാലയം അപര്യാപ്തമായതിനാല്‍ പുതിയ ഒരു ദേവാലയത്തെക്കുറിച്ച് മാളക്കാര്‍ ചിന്തിക്കാന്‍ തിടങ്ങി. 1912 ല്‍ വികാരിയായിരുന്ന ബഹു. പാനികുളം ക്രൂസച്ചന്‍റെ കാലത്ത് ദേവാലയനിര്‍മ്മാണം ആരംഭിച്ചു. 1925 ല്‍ ബഹു. കയ്യാലകം ഔസേപ്പച്ചന്‍റെ കാലത്ത് പള്ളിയകം കൂടുതല്‍ പരിക്ഷിക്കരിച്ചു. സാന്പത്തിക ബുദ്ധിമുട്ടു കാരണം ദേവാലയ നിര്‍മ്മാണം ഏറെ നീണ്ടുപോയി.
1949 ഒക്ടോബര്‍ 2ന് മാര്‍ ജോര്‍ജ്ജ് ആലപ്പാട്ട് പുതിയ ദേവാലയത്തിന്‍റെ ശിലാസ്ഥാപനം നടത്തി. 1952 ജനുവരിയിലെ ദര്‍ശനതിരുനാളിന് മാര്‍ ജോര്‍ജ്ജ് ആലപ്പാട്ട് പുതിയ ദേവാലയത്തില്‍ ആദ്യമായി പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിച്ചു. 1953 ഡിസംബര്‍ 6 ന് പൗരസ്ത്യ തിരുസംഘത്തിന്‍റെ സെക്രട്ടറിയും അത്യുന്നത കര്‍ദ്ദിനാളുമായ മാര്‍ യൂജിന്‍ ടിസറന്‍റ് ഈ ദേവാലയം കൂദാശ ചെയ്ത് വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തു. അന്നുമുതല്‍ ഇടവകയുടെ വളര്‍ച്ചയും ഉയര്‍ച്ചയും ദൈവാനുഗ്രഹത്താല്‍ സന്പന്നമാണ്. റോമില്‍ നിന്ന് കര്‍ദ്ദിനാള്‍ വന്ന് ആശീര്‍വ്വദിച്ച കേരളത്തിലെ ഏക ദേവാലവും സെന്‍റ്. സ്റ്റനിസ്ലാവോസ് മദ്ധ്യസ്ഥനായുള്ള ഇന്ത്യയിലെ ഏക ദേവാലയവും മാള ഇടവകപള്ളിയാണ്.

Church

വളര്‍ച്ചയുടെ പാതയില്‍
പുതിയ പള്ളിയുടെ വെഞ്ചിരിപ്പിനുശേഷം പള്ളിയിലും പള്ളിയോടനുബന്ധിച്ചും ഏറെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. തൃശൂര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായിരുന്ന മാര്‍ ജോസഫ് കുണ്ടുകുളം1956 – 1958 കാലഘട്ടത്തില്‍ മാള ഇടവകയുടെ വികാരിയായിരുന്ന കാര്യം അഭിമാനപൂര്‍വ്വം സ്മരിക്കുന്നു. ജേക്കബ് ചെമ്മണ്ണൂരച്ചന്‍റെ കാലത്ത് പോര്‍ട്ടിക്കോയും സില്‍വര്‍ ജൂബിലി സ്മാരകമായി കൊടിമരവും നിര്‍മ്മിച്ചു. റവ. ഫാ. ജോസഫ് കവലക്കാട്ട് സെമിത്തേരി പുതുക്കി പണിതു. പള്ളിക്കകം മൊസേക്ക് ഇട്ടത് റവ. ഫാ. ജോസഫ് പുളിക്കന്‍ ആയിരുന്നു. കോണ്‍ഫ്രന്‍സ് ഹാള്‍ നിര്‍മ്മിച്ചത് റവ. ഫാ. ജോണ്‍ വാഴപ്പിള്ളിയുടെ കാലത്തിലായിരുന്നു. റവ. ഡോ. ആന്‍റണി മഞ്ഞളിയുടെ കാലഘട്ടത്തില്‍ കപ്പേള പൊളിച്ചു പണിയുകയും ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിക്കുകയും ചെയ്തു. റവ. ഫാ. ജോസ് പന്തല്ലൂക്കാരന്‍റെ ശ്രമഫലമായി വളരെയേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു. പള്ളിമുറ്റം ടൈല്‍സ് വിരിച്ച് മനോഹരമാക്കിയതും മാതാവിന്‍റെ ഗ്രോട്ടോ പണിതതുംസിമിത്തേരി നവീകരിച്ചതും ഈ കാലത്താണ്. ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ തുടങ്ങിയതും ബൃഹത്തായ ഇടവക കാര്യാലയം നിര്‍മ്മിച്ചതും പള്ളിയകം സീലിംഗ് നടത്തിയതും സെന്‍റ് സ്റ്റനിസ്ലാവോസ് ടവര്‍ നിര്‍മ്മിച്ചതും എടുത്തു പറയേണ്ട നേട്ടങ്ങളാണ്.
ഫൊറോനയുടെ പദവിയിലേക്ക്
1979 ല്‍ ഇടവക ഫൊറോനപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. ഇരിങ്ങാലക്കുട രൂപതയിലെ പ്രധാനപ്പെട്ട ഒരു ഫൊറോനയാണിത്. ഇതിന്‍റെ കീഴില്‍ ഒരു ഇടവകയും രണ്ട് കുരിശുപള്ളികളുമുണ്ട്. 1415 ഓളം കുടുംബങ്ങളാണ് ഇപ്പോള്‍ മാള ഇടവകയിലുള്ളത്. മാള ഫൊറോന ദേവാലയത്തിന്‍റെ വളര്‍ച്ചയുടെ ചരിത്രം ദൈവപരിപാലനയുടേതാണ് ഒന്നുമില്ലായ്മയില്‍ നിന്നാരംഭിച്ച് ഇന്ന് സമൃദ്ധിയില്‍ എത്തിനില്‍ക്കുകയാണ് മാള പള്ളി. കുരിശുപള്ളിയില്‍നിന്നും ഫൊറോന ദേവാലത്തിലേക്കുള്ള വളര്‍ച്ച ഓരോരുത്തരുടെയും സഹകരണത്തിന്‍റെയും സഹനത്തിന്‍റേതുമാണ്. ഇനിയും ഒത്തിരി മുന്നോട്ടുപോകാനുണ്ട്. ഇത്രയും കാലം വഴി നടത്തിയ ദൈവം ഇനിയും നമ്മെ നയിക്കും. മാള ദേശത്തിന് മുഴുവന്‍ എ്വെര്യവും പ്രദാനം ചെയ്യുന്ന വി.സ്റ്റനിസ്ലാവോസ് പുണ്യവാന്‍ നമ്മെ അനുഗ്രഹിക്കട്ടെ.